Friday, 17 April 2020

വിഷുവോടു കൂടി സംഭവിച്ച  നല്ലൊരു കാര്യം ദർശൻ ബ്രോ വീണ്ടും വരയ്ക്കാൻ തുടങ്ങി എന്നതാണ്. അണ്ണൻ അത്യാവശ്യം നന്നായിത്തന്നെ വരയ്ക്കും.  എനിക്കാണെങ്കിൽ സ്കെയിൽ വച്ച് വരച്ചാൽ പോലും ഇപ്പോഴും ഇച്ചിരി ചരിയും. നവോദയിൽ പഠിക്കുമ്പോൾ ആർട്ട്‌ ന്റെ പീരിയഡ് ഉണ്ടാവാതിരുന്നെങ്കിൽ എന്നു മുട്ടിപ്പായി പ്രാര്ഥിച്ചിട്ടുണ്ട്. ഒരു ക്യൂബും കുറേ നക്ഷത്രങ്ങളും വരച്ചു 'സ്നേഹസമ്മാനം 'എന്ന പേരും കൊടുത്ത് ആറാം ക്ലാസ്സ് മുതൽ ഒമ്പതാം ക്ലാസ്സ്‌ വരെ ബുക്ക്‌ കവർ ഡിസൈൻ ഒപ്പിച്ച പാട് എനിക്കേ അറിയൂ  😃.ട്രേസിങ്   പേപ്പർ, നന്നായിട്ടു വരയ്ക്കുന്ന എന്റെ അമ്മ അനിയത്തി ഇവരൊക്കെ ഇല്ലായിരുന്നെങ്കിൽ എന്റെ അനാട്ടമി റെക്കോർഡ് ഒക്കെ എന്താവുമായിരുന്നോ എന്തോ. ദ്രവ്യഗുണം റെക്കോർഡ് വരയ്ക്കാൻ ആളുകളെ ചാക്കിട്ട് പിടിക്കാനാണ് ഞാൻ സാമം,  ദാനം, പേടിപ്പിക്കൽ, ബ്ലാക്ക് മെയിലിംഗ് ഇതൊക്ക ശരിക്ക് ഉപയോഗിച്ചത്.
അപ്പൊ ഞാൻ പറഞ്ഞു വന്നത്, അങ്ങനെയുള്ള ഈയുള്ളവൾക്കാണ് നന്നായി വരയ്ക്കുന്ന ഒരു കെട്യോനെ കിട്ടിയത്. ആരാധനയും ഇച്ചിരി കുശുമ്പും ഇല്ലാതിരിക്കുമോ! 😃ഈ അനുഗ്രഹീത കലാകാരനെ എങ്ങനെ പ്രോത്സാഹിപ്പിക്കാം എന്ന തല പുകഞ്ഞ ആലോചനയായി പിന്നെ. ക്യാൻവാസ്, പെയിന്റ്, സ്കെച്ച്, ക്രയോൺസ്, ബ്രഷ് തുടങ്ങിയവയൊക്കെ  സമ്മാനം കൊടുത്തു . 'ഇതിനൊക്കെ ബയങ്കര അർത്ഥം ണ്ട് ട്ടാ 'ന്നു എനിക്ക് പറയാൻ, പടങ്ങൾ ഇന്ന് വരും നാളെ വരും ന്നു വിചാരിച്ചു വിചാരിച്ചു ഒന്നര കൊല്ലം കഴിഞ്ഞു.. സഹികെട്ടു അവസാനം ഞാൻ ചോദിച്ചു 'അതേ മൻഷാ വല്ലോം വരക്കുവോ' ന്ന്
അപ്പൊ  പറയുവാ "ഇതൊന്നും അങ്ങനെ മൂഡില്ലാതെ വരയ്ക്കാൻ പറ്റില്ല"ത്രേ. അങ്ങനെ ചിത്രപദര്ശനം നടത്തുന്ന ഡോക്ടറുടെ, ഭാര്യയാണെന്ന് പറയാനുള്ള ആഗ്രഹം എട്ടായി മടക്കി മേശക്കള്ളിയിലിട്ട് ഞാൻ എന്റെ പണി നോക്കാൻ തുടങ്ങി..
പെട്ടന്നൊരു ദിവസം വന്നിട്ട് പറയുവാ വാട്ടർ കളർ പഠിക്കാൻ പോവാനത്രേ !കിട്ടുണ്ണിയേട്ടനെപ്പോലെ  'കേട്ടിട്ട്ണ്ട് കേട്ടിട്ട്ണ്ട് ഇത് കൊറേ കേട്ടിട്ട്ണ്ട് എന്നു ഞാനും കരുതി.
 ബ്രോ സീരിയസ് ആയിരുന്നു. പക്ഷേ ക്ലാസ്സ്‌ മുറുകി വന്നപ്പോഴേക്കും മൂന്നാർ പോസ്റ്റിങ്ങ്‌ ആയി.പിന്നെ ഡിസ്പെന്സറിയായി, പുതിയ ഉത്തരവാദിങ്ങളായി, വര പിന്നേം  സ്റ്റോപ്പായി. വിഷു തലേന്ന് വൈകുന്നേരം'ഇന്ന് മുതൽ പറ്റുന്ന പോലെ വരയ്ക്കണം എന്നു പറഞ്ഞപ്പോൾ സത്യായിട്ടും വരക്കുമെന്നു ഞാൻ കരുതിയില്ല.. ഇപ്പൊ ദേ പടങ്ങൾ ചെറുതാണെങ്കിലും ജഗ ജഗാണ് വരക്കുന്നു. നന്നായി ട്രെയിനിങ് ഒക്കെ കിട്ടിയാൽ അണ്ണൻ പിക്കാസോടെ കുഞ്ഞമ്മേടെ മോൻ ആകുമെന്നാണ് എന്റെ ഒരു കണക്കുകൂട്ടൽ.എക്സിബിഷൻ ഒന്നും നടത്തില്ലെങ്കിലും പടങ്ങൾ ഇവിടെ ഷെയർ ചെയ്ത് സമാധാനിക്കാമല്ലേ. പള പളാ മിന്നുന്ന പട്ടുസാരിയൊക്ക ഉടുത്തു ഡയമണ്ട് നെക്ലേസ് ഒക്കെയിട്ട്, എക്സിബിഷൻ ഹാളിന്റെ വാതിൽക്കൽ സ്വാഗതം പറയാൻ നിൽക്കുന്ന എന്നേം മനസ്സിൽ കണ്ട് നിങ്ങൾ പടങ്ങൾ കാണണേ 😃😃(സാദാ പടങ്ങളാ ട്ടോ ഇച്ചിരി ബിൽഡ് അപ്പ്‌ കൊടുത്തതാ )കഴിഞ്ഞ ദിവസം വരച്ചത് മാത്രമല്ല ബോറടിച്ചു ചില ക്ലാസ്സുകളിൽ ഇരുന്നു വരച്ചതും പൊക്കിയിട്ടുണ്ട് 😄അയാം ദി പ്രൗഡ് ഓഫ് യൂ കണവാ. ഇനീം കൊറേ വരയ്ക്കൂ. 🙂💗💗



Saturday, 23 November 2019

മൂന്നാർ ഡയറി -അദ്ധ്യായം ഒന്ന്
   
        ഹെന്റെ പങ്കജം...

കെട്ട്യോൻ മൂന്നാറെത്തിയിട്ട് രണ്ടു വർഷമാകുന്നു. ഏതാണ്ട് മിക്ക ദിവസത്തെയും ഫോൺ വിളിയുടെ പ്രസക്ത ഭാഗം ഏതാണ്ടിങ്ങനെ :
"എന്താ പരിപാടി?''
"എന്തു പരിപാടി ..ഒറ്റക്കിരുന്നിട്ട് സമയം എഴഞ്ഞെഴഞ്ഞപോ കുന്നു.പുറത്തേക്കിറങ്ങാമെന്നു വച്ചാൽ നല്ല തണുപ്പും.. ഒരു  തിയേറ്ററുണ്ടായിരുന്നെങ്കിൽ"...
     കുറ്റം പറയാനൊക്കില്ല.കോട്ടക്കലായിരുന്നപ്പോൾ മലയാളം ഇംഗ്ലീഷ് ഹിന്ദി തെലുങ്ക് എന്നു വേണ്ട റിലീസാവണ എല്ലാ പടവും അന്നോ പിറ്റേന്നോ പോയിക്കാണുന്ന ടീംസാരുന്നു ഞങ്ങൾ. തൃശ്ശൂരാണെങ്കിലോ എവിടെ ത്തിരിഞ്ഞാലും തീയറ്റർ.അങ്ങനെ സുഖിച്ചു ജീവിച്ച മനുഷ്യനാണ്.. സങ്കടം ഉണ്ടാവും..ഇപ്പോൾ
ഞാനും കൂടി മൂന്നാർ ചേക്കേറിയപ്പോഴാണ് അത് ശരിക്കും അങ്ങട് മനസ്സിലായത് .
ഇവിടെ ഞങ്ങളുടെ പ്രധാനനേരം പോക്ക് തൊട്ടപ്പുറത്തെ വീട്ടിലെ മോഹൻ സാറിന്റെ പേരക്കുട്ടികൾ അപ്പുവും അമ്മുവും, പിന്നെ വെകു  ന്നേരങ്ങളിലെ വെടിപറച്ചിലുമാണ്.
അങ്ങനെയൊരു ദിവസം ലക്ഷ്മിച്ചേച്ചിയുടെ ആവലാതി"ഹൊ, എന്തൊക്കെ പറഞ്ഞിട്ടെന്താ, പച്ചപ്പും ഹരിതാഭേം മഞ്ഞും ഒക്കെയുണ്ട്. ഒരു സിനിമ കാണണേൽ മാത്രം ഒന്നര മണിക്കൂർ യാത്ര ചെയ്തു മറയൂരെത്തണം. ഇത്ര സംഭവം സ്ഥലമാണെന്നു പറഞ്ഞിട്ടെന്താ കാര്യം മൂന്നാർ ഒരു തിയേറ്ററൊക്കെ എപ്പോഴേ വരേണ്ടതാ"..
                 "അതിനു തിയേറ്റർ ഇല്ലാരുന്നെന്ന് ആരു പറഞ്ഞു? കേരളത്തിൽ തന്നെ ആദ്യം സിനിമ കൊട്ടക വന്ന സ്ഥലങ്ങളിൽ ഒന്നാണ് മൂന്നാർ" മോഹൻ സർ ഞങ്ങളെ ഞെട്ടിച്ചു കളഞ്ഞു.
" പഴയ മൂന്നാറിന്റെ പ്രൗഢിയിൽ മറക്കാൻ പറ്റാത്ത ഇടമാണ് പങ്കജം തിയേറ്റർ.അതിനെപ്പറ്റി പറയുമ്പോൾ സായിപ്പന്മാരുടെ വരവിനെക്കുറിച്ചും പറയേണ്ടി വരും "ഞങ്ങളെല്ലാം കാതു കൂർപ്പിച്ചു. 

"ബ്രിട്ടിഷുകാർ മൂന്നാറിലേക്ക് ആദ്യമായി വരുന്നത് സർവേക്ക് വേണ്ടിയാണ്. നിരയൊത്ത  മലകളും നല്ല നദികളുമുള്ള ഈ പ്രദേശത്തിന്റെ വാണിജ്യ സാധ്യത പരീക്ഷിക്കാൻ ആദ്യം ചിൻകോണ മരങ്ങളും പിന്നെ കാപ്പിയും കൃഷി ചെയ്ത് പരാജയപ്പെട്ട ശേഷമാണ് തേയിലയിലേക്ക് തിരിയുന്നത്. ചൈനയിൽ നിന്നുള്ള ഇറക്കുമതി കഴിയുന്നത്ര കുറക്കാൻ ഒരവസരം തേടിക്കൊണ്ടിരുന്ന  കമ്പനിയ്ക്ക്, ഡാർജലിംഗ് പോലെ തന്നെ ഇഷ്ടപ്പെട്ട സ്ഥലമായി മൂന്നാറും.
സ്വതവേ ആൾത്താമസം കുറവായിരുന്ന ഈ പ്രദേശത്ത്,  ആവശ്യത്തിന് പണിക്കാരെ എത്തിക്കുക എന്നതായിരുന്നു ശ്രമകരമായ ജോലി. മദ്രാസ് പ്രസിഡൻസി യുടെ കീഴിലുള്ള സ്ഥലങ്ങളിൽ നിന്നും കമ്പം തേനി ബോഡിമെട്ടു വഴി കാല്നടയായാണ് തൊഴിലാളികളെ എത്തിച്ചത്.

"അല്ല ഈ കഥയും തീയേറ്ററും തമ്മിലെന്താ ബന്ധം? ദർശൻ പറയാതെ പറഞ്ഞത് മനസിലാക്കിയ പോലെ സർ തുടർന്നു  "അങ്ങനെ അവർ വരുന്ന വഴിക്ക് മൺപാത്രക്കച്ചവടക്കാരൻ ഒരു ചെട്ടിയാരെ  കണ്ടു. പുതുതായി വരുന്ന ആപ്പീസർമാർക്കു ഭക്ഷണം ഉണ്ടാക്കികൊണ്ടുവരാൻ അയാളെ ചട്ടം കെട്ടി. ചെട്ടിയാർ മൂന്നു നേരവും തലച്ചുമടായി ഭക്ഷണമെത്തിച്ചു കൊടുത്തു. സഹായിക്കുന്നവരെ കൂടെ നിർത്തുക എന്നത് അവരുടെയും ഒരു വീക്‌നെസ്സ് ആയിരുന്നല്ലോ. അങ്ങനെ ചെട്ടിയാർക്ക്  മൂന്നാർ സൗജന്യമായി  വീടും സ്ഥലവും പതിച്ചു നൽകി.,  അദ്ദേഹത്തിന്റെ മകൻ അഴകണ്ണ ചെട്ടിയാർ ഒരു ബ്രിട്ടീഷ് യുവതിയെ വിവാഹം ചെയ്തു, നേരമ്പോക്കിനായി സിനിമ കൊട്ടകയും തുറന്നു . ആദ്യം തകര ഷെഡ്ഡായും പിന്നീട് ബാൽക്കണിയോട് കൂടി രണ്ട് നിലകളുള്ള തീയേറ്ററായും പങ്കജം ഇയർന്നു പൊങ്ങി.

ബാൽക്കണി പ്രധാനമായും ഇംഗ്ലീഷുകാർക്കുള്ളതായിരുന്നു. എല്ലാ വ്യാഴാഴ്ചകളിലും ഇംഗ്ളീഷ് പടം കളിക്കും അല്ലാത്തപ്പോൾ കൂടുതലും തമിഴ് പടങ്ങളും
"സാധാരണക്കാരൊക്കെ തറ ടിക്കറ്റ് ആയിരിക്കുമല്ലേ?" ദർശന്റെ സ്വാഭാവികമായ ചോദ്യം. "എന്റെ ഓർമയിൽ പങ്കജത്തിൽ തറ ടിക്കറ്റ് ഇല്ലായിരുന്നു" സർ ആവേശത്തോടെ തുടർന്നു. "ഇന്നു വമ്പു പറയുന്ന പല പഴയ സിനിമാ കൊട്ടകകളെക്കാളും സൗകര്യം അന്നേ പങ്കജത്തിലുണ്ടായിരുന്നു. ഏറ്റവും കുറഞ്ഞ നിരക്കിനുപോലും ബെഞ്ചുണ്ടായിരുന്നു".. "എന്നതാണെന്നേ ഇത്ര കാര്യമായ ചർച്ച? ചൂടൻ കട്ടൻ കാപ്പിയുമായി വന്ന ജയ  ആന്റിക്കും കൗതുകം. "ഇവർ നമ്മുടെ പങ്കജം തീയേറ്ററിനെപ്പറ്റി ചോദിച്ചതാ "-സർ
"ആ പങ്കജത്തിന്റെ മുൻവശം തന്നെ കാണാൻ എന്തൊരു പ്രൗഢിയായിരുന്നെന്നോ. കല്ലുപാകിയ  മുൻഭിത്തിയും ബാൽക്കണിയിലേക്കുള്ള നടപ്പുവഴിയും.. അത്രയും  ഭംഗിയുള്ള കെട്ടിടം ആ പരിസരത്തു തന്നെയില്ലായിരുന്നു. "ആന്റി ഉത്‍സാഹത്തോടെ കൂട്ടിച്ചേർത്തു

യാത്ര പറഞ്ഞിറങ്ങിയ ഞങ്ങളുടെ മനസ്സിൽ നിറയെ പങ്കജമായിരുന്നു. പിന്നീട് പലരിൽ നിന്നും വീണ്ടും വീണ്ടും കേട്ടു പങ്കജത്തിൽ കണ്ട ഹിറ്റ് സിനിമകളുടെ വിശേഷങ്ങൾ.
ഇത്രയൊക്കെ ഹരം  പിടിപ്പിച്ചിട്ടും എന്താവും പങ്കജം ഇല്ലാതെ  പോയതെന്നായിരുന്നു സംശയം. ചിന്തിച്ചപ്പോൾ ഉത്തരവും ലളിതമായി.
. സായിപ്പന്മാരുടെ വിനോദോപാധിയായിരുന്നു മുന്നാറിലെ സിനിമാ കൊട്ടക. സാധാരണക്കാർ അതിന്റെ ഭാഗമായി എന്നു മാത്രം. കാലത്തിന്റെ  ആവശ്യമായി പ്രവർത്തനം തുടങ്ങിയത് കാലത്തിന്റെ  തന്നെ തള്ളലിൽ അപ്രസക്‌തമായതാണ്.. സ്വാതന്ത്ര്യലബ്ധിയും പുതു മാധ്യമങ്ങളുടെ വരവുമെല്ലാം ആ തിരോധാനത്തിന് ആക്കം കൂട്ടിയെന്നു മാത്രം..

പങ്കജം നിന്ന കെട്ടിടം ഇപ്പോൾ ഒരു ഹോട്ടലാണ്.കല്ലുകൊണ്ട് പാകിയ മുൻഭിത്തിയും മറ്റും പാടെ മാറി.  പഴമയുടെ ഓർമ പോലെ ഒരു പ്രൊജക്ടർ ഇപ്പോഴും അവിടെ സൂക്ഷിച്ചിട്ടുണ്ട്...

വാൽക്കഷ്ണം :പങ്കജത്തിന്  ഏറെക്കാലത്തിനു ശേഷം പ്രിയ എന്ന പേരിൽ നല്ലതണ്ണി റോഡിൽ മറ്റൊരു കൊട്ടകയും ഉണ്ടായിരുന്നു. അതും പിന്നീട് നിറുത്തിപ്പോയി. ടൂറിസം വികസനത്തിന്റെ ഭാഗമായി ചെറുതെങ്കിലും ഒരു തിയേറ്റർ ഉടനെ വരും എന്ന വാർത്ത കേട്ട്
 മുന്നാറിലെ സിനിമാപ്രേമികളെല്ലാം കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി.. വരും വരാതിരിക്കില്ല ല്ലേ.