Sunday 15 April 2012

"നിഴലുകള്‍ എണ്ണച്ചായം തീര്‍ത്ത  കോട്ടകള്‍ക്ക് പിറകില്‍
മൌനം നിത്യവ്രതമാക്കിയ മച്ചി മേഘങ്ങള്‍ക്കും അപ്പുറത്ത്
വെളിച്ചത്തിന്റെ ഒരു തുരുത്തുണ്ട്
അവിടെ,തളിര്‍ത്ത മുന്തിരി വള്ളികള്‍ മറക്കുട പിടിക്കുന്ന
പ്രണയത്തിന്റെ ഒരു നീര്ചാലുണ്ടത്രേ
ഒരിക്കലും വത്താതത്.."
വെറും കെട്ടുകഥയെന്നു  ഞാന്‍ പുച്ഛം പറഞ്ഞിട്ടും
അവന്റെ കണ്ണിലെ തിളക്കം മാഞ്ഞില്ല
ഊഷ്മാവ്  കൊണ്ട്ളന്ന് അവന്‍ കൊട്ടാരം കണ്ടെത്തി
നനുത്ത മന്ദഹാസം കൊണ്ട് പൂട്ടുകള്‍ തകര്‍ത്തു 
പ്രാണന്‍ കയറാക്കി, രക്തം കൊണ്ട് ഒതുക്കുകല്ലുകള്‍ പണിത്
കറുപ്പിന്‍റെ  ഗോപുരമുകളില്‍ നിന്ന്  മച്ചിമേഘങ്ങളെ തൊട്ടു.
മുന്തിരി വള്ളികള്‍ വകഞ്ഞു മാറ്റി ,കൈക്കുമ്പിള്‍ നിറയെ
കലര്‍പ്പില്ലാത്ത പ്രണയവുമായി അവന്‍ തിരികെ   വന്നപ്പോള്‍ പക്ഷെ 
കറുപ്പിന്‍റെ കോപ്രാട്ടികള്‍ ഒതുക്കുകല്ലുകളെ അലിയിച്ചു കളഞ്ഞു 
അടഞ്ഞില്ലാതാകുന്ന വാതിലിലൂടെ 
എനിക്കായ് കരുതിയ പ്രണയം അവന്‍ ഭൂമിയിലെക്കൊഴുക്കി
ഇരുട്ടിന്‍റെ കോട്ടകളെ അത് തകര്‍ത്തെറിഞ്ഞു 
ഒരു തുള്ളി മാത്രം എന്‍റെ നെറ്റിയില്‍ പതിച്ചു
എനിക്കതുപോലും താങ്ങാനായില്ല 
ഞാന്‍ വാവിട്ടു നിലവിളിച്ചു
 മച്ചിമേഘങ്ങള്‍ ഭൂമി തകര്‍ത്തു പെയ്തിറങ്ങി..
ഉറവ ഒരിക്കലും വറ്റില്ല
 അവന്റെ പ്രണയം അതിനുള്‍ക്കൊള്ളാവുന്നതിലും എത്രയോ അധികമാണ്..