Thursday 2 August 2018

രാവിലെയാണ്...
ബസ്സില്‍ ശ്വാസം വിടാന്‍ പോലും സ്ഥലമില്ല..
ബാഗ് ആരുടെയോ കൈയ്യിലേക്ക് അടിച്ചേല്‍പ്പിച്ചു സീറ്റിന്റെ ഓരം  ചേര്‍ന്ന് നില്‍ക്കുകയാണ്
തിക്കിത്തിരക്കി കണ്ടക്ടര്‍ വന്നു
ആവലാതിയിയില്‍ കാശെടുക്കുന്നതിനിടെ എന്റെ ഇടതു വശത്തു നിന്ന  പെണ്‍കുട്ടിയുടെ കൈയില്‍ നിന്നും  ആ രണ്ടു രൂപ താഴെ വീണു
ഇല്ലാത്ത സ്ഥലമുണ്ടാക്കി ഞങ്ങളെല്ലാം ഒതുങ്ങി നിന്നു
അവള്‍ അത് കുനിഞ്ഞെടുക്കുന്നതിനിടെ  "നീയെന്താ പിച്ച തരുവാണോ?ഒരു മാതിരി നായക്ക് എല്ലെറിഞ്ഞു കൊടുക്കുന്നത് പോലെ പൈസ തന്നാല്‍ എന്റെ സ്വഭാവം മാറും"
ഒറ്റ നിമിഷം....ഒന്നും സംഭവിച്ചില്ല
"മോള്‍ പൈസ എറിഞ്ഞു കൊടുത്തതാണോ?"
"അല്ല ചേച്ചീ അറിയാതെ താഴെ വീണതാ"
"പിന്നെന്തേ ഒന്നും തിരിച്ചു പറയാഞ്ഞത്?"
അവള്‍ ചിരിച്ചു
അയാളോട് ഇരച്ചു വന്ന കലിയെക്കാള്‍ എന്നെ കൊന്നത് മറ്റൊന്നാണ്
ചോദ്യം ചെയ്യാന്‍ സമ്മതിക്കാതെ, വാക്കുകൊണ്ടും നോട്ടം കൊണ്ടും കീറി മുറിച്ചാലും മിണ്ടാതെ ,പകയ്ക്കാന്‍ ,ചിരിക്കാന്‍ പറഞ്ഞു കൊടുക്കുന്ന നമ്മുടെ കുലീനമായ സംസ്കാരത്തിന്റെ തൊങ്ങലുകള്‍ ...