Wednesday 27 June 2012

പ്രണയിക്കണമത്രേ
നിയമങ്ങളെന്തൊക്കെ ??
കടിച്ചാല്‍ പൊട്ടാത്തത്  പോലെ പറയാം
മഴയുടെ നനവും ചെമ്പകത്തിന്‍റെ  മണവും അകമ്പടി വേണം
കണ്ണുകള്‍ ചൂണ്ടകളെക്കാള്‍  കൃത്യതയുള്ളതാവണം 
ശ്വാസത്തിന്‍റെ  ഇടവേളകള്‍ വരെ വാചാലമാകണം
രാവേറെ ചെല്ലുവോളം സ്വപ്‌നങ്ങള്‍ കൈമാറണം
ഗുളികത്തോണ്ട് പോലെ ഉള്ളിലെ കയ്പ്പിനെ മിനുസമായി പൊതിയണം
"എന്നിക്ക് നിന്നെ നന്നായറിയാ"മെന്നിടക്കിടെ ഊറ്റം കൊള്ളണം
രതിയുടെ അവസാന തുള്ളിയും ഊററി എടുക്കണം
ഒടുവില്‍ വരും വരായ്കകള്‍ നിര്‍വചിക്കപ്പെടുമ്പോള്‍
ഒരു സദാചാരപ്പോലീസായി രൂപാന്തരം പ്രാപിക്കണം
ഇതോടെ എല്ലാം അവസാനിച്ചെന്നു പറഞ്ഞ്
ഹസ്തദാനം കൊടുത്ത് പിരിയാം
ഇതൊരു പുതിയ തുടക്കമെന്ന പശ്ചാത്തല സംഗീതത്തോടെ .
മറ്റൊരു സാധ്യത കൂടിയുണ്ട്
കുറച്ചുകൂടി  പ്രായോഗികമായത്
അവിചാരിതമായി സുഹൃത്തുക്കളാകാം
നീയെന്നെ നന്നായി മനസ്സിലാക്കുന്നല്ലോ എന്നദ്ഭുതപ്പെടാം 
ഉറക്കമില്ലാത്ത രാത്രികളിലെ  ഗുണന ഹരണങ്ങള്‍ക്ക് ശേഷം
പ്രണയം പ്രഖ്യാപിക്കാം
ഭാഗ്യം (നിര്‍ഭാഗ്യമോ?) കൂടെയുണ്ടെങ്കില്‍
കഥയ്ക്ക് ശുഭപര്യവസാനം
അപ്രായോഗികമായതും പറയണമല്ലോ
ഹൃദയത്തിനെ മിടിപ്പും പിടച്ചിലും ആരുമറിയാതെ വായിച്ചെടുക്കാം
അവസാന തുടിപ്പ് വരെ,
വിടര്‍ന്ന കണ്ണുകള്‍ക്കപ്പുറത്തെ ഇരുട്ടിലേക്ക് അനായാസം ഊളിയിടാം
മഴയുടെ തണുവും ചെമ്പകത്തിന്‍ മണവും
അപ്പോള്‍ താനെ വന്നുകൊള്ളും
ചോദ്യത്തിന് പതിവ് പോലെ പലയുത്തരം
എ ,ബി,സി,ഒന്നുമല്ലാത്തതും.
തിരഞ്ഞെടുക്കാം..,
പ്രായോഗികതയുടെ എറ്റക്കുറച്ചിലുകള്‍ക്കനുസരിച്ച്.