Tuesday 2 June 2020

മെയ് 31 ന് അമ്മ സർവ്വീസിൽ നിന്നും റിട്ടയറായി. അതിൻ്റെ തലേന്ന് , ഞാനും നല്ലാമ്മയും(അമ്മയുടെ അമ്മ ) വെളുക്കുവോളം കഥ പറയുകയായിരുന്നു.പണ്ട് പണ്ട് കുറേക്കാലം മുൻപ്  പഠിക്കാൻ മിടുക്കിയായിരുന്ന ഭവാനിയെന്ന പത്തു വയസ്സുകാരി, പഠനം നാലാം ക്ലാസ്സോടെ നിറുത്തിയിട്ടും കിട്ടുന്ന പത്രക്കടലാസ്സുകളെല്ലാം മുടങ്ങാതെ വായിച്ചത്, നാടകങ്ങളുടെയും സിനിമകളുടേയും പാട്ടുപുസ്തകങ്ങൾ താളത്തിൽ പാടി കാണാതെ പഠിച്ചത് .പതിനേഴാമത്തെ വയസ്സിൽ കല്യാണം കഴിഞ്ഞ് ,കാടുവെട്ടി അതി രൊരുക്കി ഏലവും കുരുമുളകും കാപ്പിയും നെല്ലും വിളയിച്ച് അച്ഛൻ്റെ(അമ്മയുടെ അച്ഛൻ) തോൾ ചേർന്ന് എല്ലു മുറിയെ പണിത് വീടു കൂട്ടിയത്.. അമ്മയെ ഒരു പറമ്പിൽ പണിക്കാരി മാത്രമാക്കില്ല എന്നു തീരുമാനിച്ചത് ...
 എട്ടാം ക്ലാസ്സുമുതൽ പത്തും പതിനഞ്ചും പണിക്കാർക്ക് രാവിലത്തേക്കും ഉച്ചത്തേക്കും കാലാക്കി സ്ക്കൂളിലേക്കോടുന്ന, ഇടതൂർന്ന മുടിയുള്ള ഒരു സുന്ദരിയെ ഞാൻ ഇടക്കിടെ ഓർക്കാറുണ്ട്.പത്താം ക്ലാസിലെ പരീക്ഷക്ക് പോകാനിറങ്ങിപ്പോൾ' ഇന്ന് കണ്ടത്തിൽ പണിക്കാരുണ്ട് നീ പോകണ്ട' എന്ന് ദേഷ്യപ്പെട്ട അച്ഛനോടും, 'ചാച്ചി ഇവളെ  പഠിപ്പിച്ചാ ൽ ഇവിടെ പണിയാനാരാ?' എന്നു ചോദിച്ചവരോടും ' ഞാൻ രണ്ടാളുടെ പണി പണിയുന്നുണ്ടല്ലോ' എന്ന നല്ലാമ്മ യുടെ മറുപടിയുടെ ബലത്തിൽ അക്കൊല്ലം ആ നീളൻ മുടിക്കാരി സ്കൂളിൽ ഏറ്റവും കൂടുതൽ മാർക്കു വാങ്ങി. പിന്നെ പ്രീഡിഗ്രിയും പാസ്സായി.
    ആരോ പറഞ്ഞു കേട്ടയിറവിൽ എംപ്ലോയ്മെൻറിൽ രജിസ്റ്റർ ചെയ്യാൻ ചെന്നപ്പോൾ മുൻപ് ജോലി ചെയ്ത പരിചയമില്ല എന്ന് സാക്ഷ്യപ്പെടുത്തണം. മുന്നിലിരുന്ന സർ പറഞ്ഞ നുസരിച്ച് അമ്മ എഴുതി'I have no job experience. വടിവൊത്ത കയ്യക്ഷരം കണ്ട് അയാൾ അച്ഛനോട് പറഞ്ഞത്രേ, ഈ കുട്ടിയെ ഇനിയും പഠിപ്പിച്ച് ഒരു ജോലിക്കാരിയാക്കണം എന്ന്. പലരോടും ചോദിച്ച് മകളെ ടീച്ചറാക്കാൻ ഒരു കർഷകൻ തീരുമാനിച്ചു.ഇടുക്കിയിലെ ഒരു കുഞ്ഞു ഗ്രാമത്തിൽ നിന്ന് തടിയൂർ വരെ അന്വേഷിച്ച് അഡ്മിഷൻ ശരിയാക്കി, ടീച്ചറാക്കി.പഠിച്ച സ്കൂളിൽ തന്നെ ജോലികിട്ടി.' ടീച്ചറായി എൻ്റെ ക്ലാസ്സിലേക്കൊന്നും വന്നേക്കരുത്' എന്നു വിലക്കിയ അനുജനെത്തന്നെ ആദ്യം പഠിപ്പിച്ചു.
    ആശാൻ കളരിയിൽ പഠിക്കുമ്പോഴാണ് അമ്മ ടീച്ചറാണെന്ന് എനിക്കാദ്യം മനസ്സിലാവുന്നത്. ഒരു പ്രദേശം മുഴുവൻ പരന്നു തലയെടുപ്പോടെ നിൽക്കുന്ന അമ്മയുടെ സ്കൂളും കഴിഞ്ഞായിരുന്നു എൻ്റെ കളരി.ഇവിടെ ആശാൻ നിലത്ത് എഴുതി പഠിപ്പിക്കുന്നപോലെ ടീച്ചർ സ്ക്കൂളിൽ ബോർഡിൽ എഴുതി പഠിപ്പിക്കും എന്ന് അവിടെയുള്ള മുതിർന്ന കുട്ടികൾ ആരോ ആണ് പറഞ്ഞതെന്ന് തോന്നുന്നു. ഞാൻ വലുതായിട്ട് അമ്മയുടെ ക്ലാസ്സിലിരിക്കുന്നത് ഏറെ  നാൾ സ്വപ്നം കണ്ടു .എൻ .ആർ സിറ്റിയിലെ ഞങ്ങളുടെ ആദ്യത്തെ വീട്ടിൽ അമ്മ ധൃതി പിടിച്ച് ഉണ്ണാൻ ഓടി വരുന്നതും ഓർമയുണ്ട്.
   എന്തോ ഒരു വല്യ പരീക്ഷ പാസ്സായി നമ്മൾ എറണാകുളം ജില്ലയിലേക്ക് പോകുവാണെന്ന് പപ്പയാണ് പറഞ്ഞത്. എറണാകുളം- എനിക്കാ പേര് ഇഷ്ടമായതേയില്ല. പിന്നെ കുറേ നാളത്തെ ഓർമ്മയിൽ മുഴുവൻ ഓടിക്കിതച്ചു വരുന്ന അമ്മയായിരുന്നു. ഊന്നുകല്ലിലെ, റോഡിനോട് ചേർന്നിരിക്കുന്ന ആ കുഞ്ഞു വീട്ടിൽ കടുകു പൊട്ടുന്ന പോലെ ഓടി നടക്കുന്ന രണ്ടു പ്രിക്കാടികളെ കണ്ണു തെറ്റാതെ നോക്കി പറമ്പിൻ്റെ അങ്ങേയറ്റത്തെ കിണറ്റിൽ നിന്ന് രണ്ടു കുടം വെള്ളവുമായി നടന്നു വരുന്ന അമ്മ, പിന്നെ അയ്യങ്കാവിലേക്ക് മാറിയപ്പോൾ ഞങ്ങൾ വിശന്ന് വീടിനു പുറത്തിരിക്കുകയാണല്ലോ എന്ന ആന്തലിൽ അഞ്ചുമണിയോടെ ഓടിക്കിതച്ചെത്തുന്ന അമ്മ, പെരുമഴയത്ത് പാടത്തടെയുള്ള കുറുക്കുവഴിയെ നീർക്കോലിയേയും നോക്കി മുട്ടറ്റം വെള്ളത്തിൽ വന്ന ഞങ്ങളെയന്വേഷിച്ച് ആധിയോടെ പാഞ്ഞു വന്നയമ്മ..എത്രയെത്ര ചിത്രങ്ങളാണ്...
  അക്ഷരംകൂട്ടി വായിക്കാൻ നല്ലവണ്ണം പഠിച്ചപ്പോൾ മുതൽ രാത്രി കഥ പറഞ്ഞ് തരും. ഒരു കഥ മൂന്നു നാലു ദിവസം കൊണ്ടാണ്.നമ്മളിങ്ങനെ ആകാംക്ഷയുടെ മുൾമുനയിൽനിൽക്കുമ്പോൾ കഥ നിൽക്കും. എന്നിട്ട് ഒരു പുസ്തകം തന്നിട്ട് പറയും ബാക്കി ഇതിലുണ്ട് വായിച്ചോളൂ എന്ന്.അങ്ങനെയാണ് അമ്മവിജയകരമായി എന്നെ ഒരു പുസ്തകപ്രാന്തിയാക്കിയത്.വായിക്കാൻ തീരെ ഇഷ്ടമില്ലാത്ത അനിയത്തി ക്ക് അമ്മ കവിതകൾഈണത്തിൽ ചൊല്ലിക്കൊടുത്തു.'കുഞ്ഞേടത്തി 'കേട്ട് ഒരുദിവസം മുഴുവൻ ഇരുന്നു കരഞ്ഞിട്ടുണ്ട്.
സ്കൂളിൽ ചേർന്നതിൽ പിന്നെ ഒരു ടീച്ചറെന്ന നിലയിൽ ഞങ്ങളുടെ പഠനത്തിൽ തലയിട്ടിട്ടില്ല. ഞങ്ങളുടെ കണ്ണിൽ ഞങ്ങടെ ടീച്ചർമാർ അമ്മയെക്കാൾ സൂപ്പറായിരുന്നു. ഞങ്ങൾ പോലുമറിയാതെ വേണ്ടിടത്ത് എങ്ങനെ അമ്മ ഇടപെട്ടു എന്നത് എനിക്കിപ്പോഴും അദ്ഭുതമാണ്‌. രണ്ടു മൂന്നു വർഷം ക്രിസ്ത്യൻ സ്കൂളിൽ പഠിച്ച ഞങ്ങളുടെ ഇട പ്രാർത്ഥനകൾ 'നന്മ നിറഞ്ഞ മറിയമേ'യും ' ദൈവത്തിൻമാലാഖ 'യുമൊക്കെയായി. സന്ധ്യാ ദീപത്തിനു മുന്നിൽ അതു ചൊല്ലാൻതുടങ്ങിയപ്പോൾ അമ്മ എതിർത്തില്ല.ഈശോയും നല്ലതാ ദേവിയും നല്ലതാ. ആരുടെ നാമവും ചൊല്ലിക്കൊളൂ  എന്നു പറഞ്ഞ് സിമ്പിളായി സൈക്കുലറിസം ആഴത്തിൽ പതിപ്പിച്ചു
.കലോത്സവത്തിനും സ്പോർട്സിനുമൊക്കെ പോയാൽ  നമ്മളെ മൈൻഡ് ചെയ്യില്ല."ഞാൻ എൻ്റെ പിള്ളേരേം കൊണ്ടുവന്നതാ.നിങ്ങളെ നിങ്ങളുടെ ടീച്ചർമാർ നോക്കിക്കോളും എന്ന നയം".ഞാൻ പഠിച്ച റാഷണലൈസേഷൻ്റെയും ഇംപാർഷ്യാലിറ്റിയുടേയും ആദ്യ പാഠങ്ങൾ അതായിരുന്നു.
       എന്നെ അമ്മ പഠിപ്പിച്ചിട്ടില്ല. അതാണ്എൻ്റെ അനിയത്തിയോട് എനിക്കുള്ള ഏറ്റവും വലിയ കുശുമ്പ്.അവൾ അമ്മയുടെ സ്കൂളിൽ അമ്മയുടെ ക്ലാസിൽ പഠിച്ചിട്ടുണ്ട്.നവോദയയിൽ നിന്ന് അവധിക്ക് വരുമ്പോൾ, അമ്മയുടെ സ്ക്കൂളിൽ പോകും. അമ്മയുടെ മലയാളം ക്ലാസ് കേട്ട് കോരിത്തരിച്ചിട്ടുണ്ട്.അപ്പോഴൊക്കെ ആ പെണ്ണിനോട് അസൂയ മൂക്കും.അമ്മയുടെ സ്ക്കൂളിലെ 'വാർഷികങ്ങൾ അമ്മയെപ്പോലെ പപ്പയും ഞങ്ങളും തലപുകയ്ക്കുന്ന ദിവസങ്ങളായിരിയ്ക്കും ,ഉദ്ഘാടനം മുതൽ ചുക്കാൻ പിടിച്ച് നിൽക്കുന്ന പപ്പ ,ഒന്നും തുറന്നുസമ്മതിക്കില്ലെങ്കിലും ആ കൂടെ നിൽക്കൽ ഒരു പാട് ഇഷ്ടപ്പെടുന്നുവെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.(അല്ലെങ്കിൽ വിവാഹം കഴിച്ച അന്നുമുതൽ അമ്മയുടെ  ജോലിക്കാര്യത്തിൽ കാണിച്ച ശുഷ്‌കാന്തി ഇപ്പോഴും തുടരില്ലല്ലോ.. )
  എന്റെ സ്കൂളിലേക്ക് വരുന്ന അമ്മയുടെ കത്തുകൾക്ക് എന്തൊരു ചന്തമായിരുന്നു .ഭംഗിയായി പൊതിഞ്ഞ ഉപദേശങ്ങളും ആവലാതിക്കും സ്നേഹവും..അമ്മയുടെ മനസ്സു മുഴുവനും ആ കത്തുകൾ പറഞ്ഞു.

അമ്മ ഹെമിസ്റ്റ് ട്രസ് ആയപ്പോൾ മനസ്സിൽ തോന്നിയ ഏക സങ്കടം, താളത്തിൽ പാട്ടു പാടുന്ന ആ ക്ലാസ്സുകൾ ഇനിയധികം കുട്ടികൾക്ക് കിട്ടില്ലല്ലോ എന്നതായിരുന്നു. പക്ഷേ ഒരിൻറർവൽ കിട്ടുമ്പോൾ ഓടി വന്ന് വിശഷം പറയുന്ന ഒന്നാം ക്ലാസ്സുകാരും രണ്ടാം ക്ലാസ്സുകാരും സ്നേഹത്തോടെ കൂടെ നിന്ന ടീച്ചർമാരും എത്ര ആത്മാർത്ഥമായാണ് പുതിയ വേഷങ്ങൾ അമ്മ പകർന്നാടുന്നതെന്നു പറയാതെ പറഞ്ഞു.
ടീച്ചർമാരുടെ കുട്ടികൾ വേറൊരു ക്ലാൻ ആണെന്നു ചിലപ്പോൾ തോന്നിയിട്ടുണ്ട്. ചെറുതിലേ തന്നെ പല കാര്യങ്ങളിലും സ്വയം പര്യാപ്തരാവുന്നവർ. അച്ഛനോ അമ്മക്കോ തങ്ങൾക്കു നൽകാവുന്ന സമയം ചിലപ്പോഴൊക്കെ മറ്റുള്ളവർക്കും അവകാശപ്പെട്ടതാണെന്ന്  നല്ല ബോധ്യമുളളവർ. അപ്രതീക്ഷിതമായി ഒരു വിദ്യാർത്ഥിയോ രക്ഷാകർത്താവോ ടീച്ചറേ എന്ന വിളിച്ച് ഓടി വന്നു വർത്തമാനം പറയുമ്പോൾ അവരുടെ സന്തോഷങ്ങളിൽ അമ്മയുടെ കണ്ണു വിടുമ്പോൾ നമുക്കു കിട്ടാതിരുന്ന സമയം പാഴായിപ്പോയിട്ടില്ല എന്ന് വീണ്ടും വീണ്ടും ഉറപ്പായിക്കൊണ്ടേയിരിക്കും.
ഒരദ്ധ്യാപികയായല്ലാതെ, മറ്റൊരു ജോലിയിൽ അമ്മയെ സങ്കല്പിക്കാൻ കഴിഞ്ഞിട്ടില്ല. കാരണം അത്രമേൽ ഇഷ്ടത്തോടെയാണ്, അർപ്പണത്തോടെയാണ് കഴിഞ്ഞ മുപ്പത്തഞ്ചുവർഷം അമ്മയാ ജോലി ചെയ്തത്.ഇനി പലതിനായും മാറ്റിവച്ച അമ്മയുടെ സ്വപ്നങ്ങൾക്കുള്ള സമയമാണ്. ഉത്തരവാദിത്തങ്ങളിൽനിന്ന് ആ സ്വപ്നങ്ങളിലേക്കും അമ്മക്കും പപ്പയ്ക്കും മാത്രമായുള്ള സമയത്തിലേക്കും അവർ പറക്കട്ടെ...