Tuesday, 26 November 2013

                                   ആരുഷിക്ക്..

ഒരായിരം പകലിനെ ദീപ്തമാക്കാൻ
സൂര്യന്റെ ആദ്യ കിരണമായവൾ
പ്രകാശിച്ചു തുടങ്ങിയതേ  ഉണ്ടായിരുന്നുള്ളൂ
കട്ടക്കറുപ്പി ന്റെ നിറം കെട്ട ലോകത്ത്
മന്ദസ്മിതത്തിന്റെ നന്മഴവില്ലുകൾ
പണി തീർക്കുന്നതേ  ഉണ്ടായിരുന്നുള്ളൂ
വിടരും മുൻപേനിന്നെ വെട്ടി മാറ്റിയ 
ആ രണ്ടു' വാൾ 'കളോട്
നീ ചെയ്ത കുറ്റമെന്താവാം?
ഗർഭപാത്രത്തിൻ തുടിപ്പും 
ജീവരക്തത്തിൻ വാത്സല്യവും 
എന്നേക്കും മറന്നു പോം വിധം
 നീ ചെയ്ത തെറ്റെന്താവാം?
പ്രിയ ആരുഷീ 
നിനക്കും ചോദിക്കാൻ അവസരം കിട്ടിയേക്കാം 
വിചാരണക്കതീതമായ 
എതെങ്കിലുമൊരു കോടതിയിൽ ..


Thursday, 21 November 2013

മലർപ്പൊടിക്കാരൻ  പണ്ടൊരു സ്വപ്നം കണ്ടു
മലർപ്പൊടി വിറ്റ്  കാശുണ്ടാക്കി
മൂക്കുമുട്ടെ തിന്ന്  തോളറ്റം പത്തായത്തിലാക്കി
അങ്ങനെയങ്ങനെ  തിത്തെയ്യം വച്ച്....
പ്ധീം....പൊടിക്കലം തവിടുപൊടി
സ്വപ്നത്തിനു പക്ഷേ
മലർപ്പൊടിയെക്കാൾ കനം  കുറവായിരുന്നു
അത് പറന്നു പറന്ന്
തലകളിൽ തുളഞ്ഞു കയറി
കലങ്ങൾ  പലതു പൊട്ടിച്ചു രസിക്കുന്നു

Tuesday, 19 November 2013

നമുക്കീ മഴയിൽ  അലിയണം
ഭൂമിയുടെ നിശ്ശബ്ദ ശ്വാസത്തിലേക്ക് 
ആകാശം മുല ചുരത്തുമ്പോൾ
 നമുക്കതിൽ അലിഞ്ഞില്ലാതെയാവണം 
ആയിരം മഴത്തുള്ളികളെ 
നമ്മിലേക്കേറ്റെടുക്കണം
പൂമഴയെ ആർത്തിയോടെ കാക്കുന്ന 
മാമ്പൂ മണ്ണ് നനഞ്ഞു കുതിരുമ്പോൾ 
വിയർപ്പും ശ്വാസവും
 മഴയിലേക്കെറിഞ്ഞ് കൊടുക്കണം
''എനിക്ക് ഇടി പേടിയാണ്  ''
അവന്റെ കണ്ണിൽ 
രസച്ചരട് പൊട്ടിച്ചതിന്റെ കുറ്റബോധമോ?
ഒരു നിമിഷം മഴ മാത്രം ..
ഉതിർന്ന തുള്ളികൾ വകഞ്ഞു മാറ്റി 
അവന്റെ കണ്ണുകളോട്
അവൾ കുസൃതിയോടെ കിണുങ്ങി 
''എനിക്ക് മിന്നലും ''